2018 സിനിമയുടെ ഒടിടി റിലീസ്; തിയേറ്ററുകൾ അടച്ച് പ്രതിഷേധം നടത്താൻ ഫിയോക്

കൊച്ചി: 2018 സിനിമയുടെ ഒടിടി റിലീസിനെതിരെ പ്രതിഷേധം നടത്താൻ ഫിയോക്. തിയേറ്ററുകൾ അടച്ച് പ്രതിഷേധിക്കാനാണ് ഫിയോകിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് വ്യക്തമാക്കി. ഫിയോക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്്. നാളെയും മറ്റെന്നാളും സിനിമ കാണാൻ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു.

ബുധനാഴ്ച്ചയാണ് 2018 സിനിമയുടെ ഒടിടി റിലീസ്. സോണി ലിവിൽ സിനിമ പ്രദർശിപ്പിക്കും. 2018 സിനിമ കരാർ ലംഘിച്ചുകൊണ്ടാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്നതാണ് ഫിയോക് പ്രതിഷേധം നടത്താനുള്ള കാരണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിർമാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാൽ പുറത്തിറങ്ങി 33-ാം ദിവസമാണ് 2018 ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നും പ്രദർശനം തുടരുമെന്നുും എക്സിബിറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മെയ് 5 നാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്.