ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 278 ആയി. ഇതിൽ നാൽപതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്നാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച നാൽപതോളം പേരുടെ മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുർ- ഹൗറ എക്സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം നാൽപത് പേരുടെ മരണത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. ചികിത്സയിലുള്ളവർ ഏത് ആശുപത്രിയിലാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും റെയിൽവേ പങ്കുവെച്ചിട്ടുണ്ട്.

