ഹൈദരാബാദ്: തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന് ചിരഞ്ജീവി. നടന് അര്‍ബുദ ബാധിതനാണെന്ന തരത്തില്‍ കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ നിരവധി ആളുകളാണ് നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് ചിരഞ്ജീവി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
താന്‍ കാന്‍സര്‍ ബാധിതനല്ലെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചു. അടുത്തിടെ ഒരു കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് താന്‍ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരിക്കല്‍ കോളന്‍ സ്കോപ്പ് ടെസ്റ്റിന് വിധേയമായിരുന്നു. അന്ന് ശരീരത്തില്‍ നിന്ന് നോണ്‍ കാന്‍സൈറസ് പോളിപ്സുകള്‍ കണ്ടെത്തുകയും അത് നീക്കം ചെയ്തിരുന്നു. നേരത്തെ കണ്ടുപിടിച്ചതുകൊണ്ട് അത് നീക്കം ചെയ്യാന്‍ സാധിച്ചു. അല്ലായിരുന്നെങ്കില്‍ അത് കാന്‍സറായി മാറുമായിരുന്നു. എല്ലാവരും സമയാസമയം മുന്‍കരുതലുകള്‍ എടുക്കണമെന്നും മെഡിക്കല്‍ ടെസ്റ്റുകള്‍ക്കും കാന്‍സര്‍ സ്ക്രീനിങ്ങിനും വിധേയമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്.. എന്നാല്‍ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എനിക്ക് കാന്‍സര്‍ വന്നെന്നും ചികിത്സിച്ചിട്ട് മാറ്റിയെന്നും വാര്‍ത്തകള്‍ കൊടുത്തു. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതെന്നും’- ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

