കെപിസിസി പുന:സംഘടന; കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ച് എം എം ഹസൻ

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി മുതിർന്ന നേതാവ് എം എം ഹസൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് ഹസൻ പരാതി അയച്ചു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്നായിരുന്നു ബെന്നി ബഹനാൻ വ്യക്തമാക്കിയത്. വാട്‌സ് ആപ്പിലൂടെ അർദ്ധ രാത്രി നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുന:സംഘടനാ നടപടികളുമായി നിസ്സഹകരിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിനായി ഡിസിസി യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌ക്കരിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.