നടന്‍ ഗുഫി പേന്തല്‍ അന്തരിച്ചു

മുംബൈ: ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയായി വേഷമിട്ട നടന്‍ ഗുഫി പേന്തല്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.

‘ഞങ്ങളുടെ പിതാവ് മിസ്റ്റര്‍ ഗുഫി പേന്തല്‍ (ശകുനി മാമ) അന്തരിച്ചു. വിയോഗത്തില്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു’-. ഗുഫി പേന്തലിന്റെ കുടുംബം പത്രകുറിപ്പില്‍ അറിയിച്ചു.

അഭിനേതാവ് എന്നതിനപ്പുറം ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദില്ലഗി (1978), ദേസ് പര്‍ദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീര്‍ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിന്‍, കര്‍മ്മഫല് ദാതാ ഷാനി, കര്‍ണ്‍ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.