നിയമങ്ങൾ മനുഷ്യനുവേണ്ടി മാത്രം; സ്വന്തം കാര്യത്തിനായി ജീവിച്ചാൽ നാളെ ലോകം ഉണ്ടാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: അരിക്കൊമ്പനെ പിടികൂടിയതിൽ പ്രതികരണവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അരിക്കൊമ്പനെ തമിഴ്നാട്ടിൽ നിന്ന് വീണ്ടും പിടികൂടിയ സംഭവം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങൾ മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം കാര്യത്തിനായി ജീവിച്ചാൽ നാളെ ലോകം ഉണ്ടാകില്ല. എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനെ നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി ആക്കുന്നു. അരിക്കൊമ്പനെക്കുറിച്ച് കൂടുതൽ പറഞ്ഞ് വിവാദമുണ്ടാക്കാൻ താത്പര്യമില്ല. മനുഷ്യൻ താൻ സുരക്ഷിതനായിരിക്കുക എന്നുള്ളതിനപ്പുറത്തേക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. 2018ലെ പ്രളയത്തിൽനിന്ന് മനുഷ്യനൊന്നും പഠിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അരിക്കൊമ്പനെ തിരുനൽവേലിയിലെ കാട്ടിലെത്തിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്.