കേപ്ടൗൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്ക്കു പുറത്ത് ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ മറുപടി പറയാൻ താൽപര്യപ്പെടുന്നില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവന്നശേഷം താൻ ശക്തമായി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ എത്തിയതാണ് അദ്ദേഹം. രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശത്തെ കുറിച്ച് കേപ്ടൗണിലെ ഇന്ത്യൻ സമൂഹം ചോദിച്ചപ്പോൾ മറുപടി നൽകവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
ചിലർ പറഞ്ഞ കാര്യങ്ങളെ താൻ ശക്തമായി എതിർക്കുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അതിന് എതിരായി സംസാരിക്കാനാകില്ല. തിരികെ ഇന്ത്യയിലെത്തട്ടെ. ഇന്ത്യയിൽ എത്തിയതിനു ശേഷം നിങ്ങൾ നോക്കൂ താൻ എന്താണ് പറയാൻ പോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിദേശത്തു പോയി രാഷ്ട്രീയം കളിക്കാതിരിക്കാൻ താൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഒരു വാഗ്വാദത്തിന് താൻ ഒരുക്കമാണ്, പക്ഷേ തിരികെ ഇന്ത്യയിലെത്തട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തേക്കാൾ വലിയ സംഭവങ്ങളുണ്ട്. മറ്റൊരു രാജ്യത്ത് പോകുമ്പോൾ അത് ഓർമയിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യ സംസ്കാരത്തിന് ദേശതാൽപര്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന പൊതു ഉത്തരവാദിത്തമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

