കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ജൂൺ 7 മുതൽ നടത്താനിരുന്ന സമരമാണ് സ്വകാര്യ ബസുടമകൾ പിൻവലിച്ചത്. പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാർത്ഥികളുടെ കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷമേ ലഭിക്കുകയുള്ളു എന്നതിനാലുമാണ് സമരം മാറ്റിവെക്കുന്നതെന്ന് ബസുടമകൾ വ്യക്തമാക്കി. ജൂൺ ആറാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രക്ക് പോകുന്നതിനാൽ അദ്ദേഹം തിരികെ വന്നശേഷം ഈ കാര്യങ്ങളിൽ തുടർ നടപടി ആലോചിക്കുമെന്ന് ബസുടമകളുടെ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
വിദ്യാർഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എറണാകുളത്ത് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചിരുന്നത്.

