എയർസർവീസുകൾക്ക് നിരക്ക് വർധിപ്പിക്കരുത്: വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ഭുവനേശ്വർ: വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വിമാന നിരക്ക് വർധിപ്പിക്കരുതെന്നാണ് വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തെ തുടർന്ന് കൂടുതൽ പേർ വിമാനമാർഗം തേടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഒഡീഷ ട്രെയിൻ അപകടത്തെ തുടർന്ന് ഷെഡ്യൂൾ ചെയ്ത നിരവധി ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഭുവനേശ്വറിൽ നിന്നും ഒഡീഷയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർസർവീസുകൾക്ക് നിരക്ക് വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. 288 പേരാണ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.