കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കുമായി വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സോസൈറ്റിക്ക് കീഴിലെ കരാർ ജീവനക്കാർ. വേതന വർധന, പ്രസാവാവധി തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്. കേരള ഐ സി പി എസ് എംപ്ലോയീസ് യൂണിയൻ – സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവൈനൽ ജസ്റ്റിസ് ബോർഡ്, ഗവ. ചിൽഡ്രൻസ് ഹോം, ഒബ്‌സെർവേഷൻ ഹോം എന്നീ ബാലസംരക്ഷണ സംവിധാനങ്ങളിലെ കരാർ ജീവനക്കാരാണ് പണിമുടക്ക് ആരംഭിച്ചത്.
വർഷങ്ങളായി അവഗണനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പണി മുടക്കല്ലാതെ മറ്റു മാർഗങ്ങൾ തങ്ങളുടെ മുന്നിൽ ഇല്ലെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. മികച്ച യോഗ്യതയും പ്രവർത്തന പരിചയവുമുള്ള അൻപതോളം ജീവനക്കാർ ഇതിനോടകം ജോലിയിൽ നിന്നും രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ശിശു സംരക്ഷണ മേഖലയിലെ ജീവനക്കാർ പണിമുടക്കിലായതിനാൽ ശ്രദ്ധയും സംരക്ഷണവും അവശ്യമായി വരുന്ന കുട്ടികളുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ, കൗൺസിലിംഗ്, റെസ്‌ക്യൂ, മറ്റ് അടിയന്തിര ഇടപെടലുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇതുവഴി തടസപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്തു.

