തിരുവനന്തപുരം: ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി കോടതി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്. ഗ്രീഷ്മയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാരോൺ രാജിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിലും പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. കീടനാശിനി കയ്പുള്ള കഷായത്തിൽ കലർത്തിനൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ സെക്‌സ് ചാറ്റിലൂടെയും മറ്റും ആകർഷിച്ച് ഗ്രീഷ്മ തൻരെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അമ്മാവൻ നിർമ്മല കുമാരൻ വഴിയാണ് കീടനാശിനി സംഘടിപ്പിച്ചതെന്നും തെളിവുനശിപ്പിക്കാൻ അമ്മ സിന്ധുവും നിർമ്മല കുമാരനും സഹായിച്ചുവെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

