‘ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.

‘ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും അറിയില്ല. ജാഗ്രതയില്ലാതെ ഇത് നടത്തരുത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തില്‍ എടുത്തു വേണം ഇത് നടപ്പാക്കാന്‍. ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധ തിരിച്ച് വിടാന്‍ ഉളള ശ്രമം കൂടിയാണ്. ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വിലക്കയറ്റം പോലുള്ളവയാണ്. ഈ പ്രശ്‌നങ്ങള്‍ മറക്കാനാണ് ചെങ്കോലും, നമസ്‌കരിക്കുന്നതും പോലുള്ള നാടകങ്ങള്‍ നടത്തുന്നത്’- അദ്ദേഹം വ്യക്തമാക്കി.