മൈസൂരു: മൈസൂർ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കർണ്ണാടകയിലെ മൈസൂരിലുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് താൻ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മൈസൂരുവിലെ ടി നരസിപുരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ മരണപ്പെട്ടു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തിൽപെട്ടവരാണെന്നാണ്. ബെല്ലാരി സ്വദേശികളാണ് മരണപ്പെട്ടവരെന്നാണ് വിവരം.
മൈസൂരുവിലേക്ക് വരുംവഴി കൊല്ലഗൽ -ടി നരസിപുർ റോഡിലെ കുറുബുരുവിലാണ് അപകടം നടന്നത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായം നൽകണമെന്നും അദ്ദേഹം ഉത്തരവിട്ടു.

