സംഘർഷം: മണിപ്പൂർ സന്ദർശിച്ച് അമിത് ഷാ, പ്രത്യേക യോഗം ചേർന്നു

ന്യൂഡൽഹി: മണിപ്പൂർ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചേർന്ന് അമിത് ഷായ്ക്ക് സ്വീകരണം നൽകി. മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തി.

വരും ദിവസങ്ങളിൽ അക്രമ ബാധിത മേഖലകൾ ഉൾപ്പെടെ അദ്ദേഹം സന്ദർശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. സംസ്ഥാനത്ത് മൂന്ന് ദിവസം അദ്ദേഹം ഉണ്ടാകും.

അതേസമയം, മണിപ്പൂരിൽ ആയുധങ്ങളുമായി യുവാക്കൾ പിടിയിലായി. മൂന്ന് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ ചൈനീസ് നിർമിത ആയുധങ്ങളും ഉൾപ്പെടുന്നുണ്ട്. ഇവരിൽ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാഫ് റൈഫിൾ എന്നിവയുൾപ്പടെയുള്ള നിരവധി ആയുധങ്ങളാണ് കണ്ടെടുത്തത്.