ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനവും 2022-23 കാലയളവില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലൂടെ ആയെന്ന് പി.ഡബ്ല്യു.സി. റിപ്പോര്‍ട്ട്. 2026-27 ആകുമ്പോഴേക്കും യു.പി.ഐ. ഇടപാടുകള്‍ പ്രതിദിനം ഒരു ബില്ല്യണിലെത്തും. ഇതോടെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റുകളുടെ 90 ശതമാനവും യു.പി.ഐ വഴിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2022-23 ലെ 83.71 ബില്യണില്‍ നിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 202627 ആകുമ്പോഴേക്കും 379 ബില്യണായി മാറും. യുപിഐ കഴിഞ്ഞാല്‍ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗം കാര്‍ഡ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്മെന്റാണ്. ക്രെഡിറ്റ് കാര്‍ഡുകളിലെ ഇടപാടുകളുടെ എണ്ണം 2024-25 സാമ്പത്തിക വര്‍ഷത്തോടെ ഡെബിറ്റ് കാര്‍ഡുകളിലെ എണ്ണത്തെ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു 21 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കും. എന്നാല്‍ ഡെബിറ്റ് കാര്‍ഡ് ഇഷ്യു ഇക്കാലയളവില്‍ 3 ശതമാനം വളര്‍ച്ച മാത്രമായി ചുരുങ്ങും. ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ പ്രധാനമായും പണം പിന്‍വലിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. യുപിഐ വതോടെ ഈ ഉപയോഗം വലിയ തോതില്‍ കുറഞ്ഞു. 2022-23 ലെ മൊത്തം കാര്‍ഡ് പേയ്മെന്റ് വരുമാനത്തിന്റെ 76 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. ഇത് ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ലാഭകരമായ ബിസിനസ് വിഭാഗമാക്കി ക്രെഡിറ്റ് കാര്‍ഡുകളെ മാറ്റുന്നു. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവിനുള്ള വരുമാനം 2021-22 നെ അപേക്ഷിച്ച് 2022-23ല്‍ 42 ശതമാനം വര്‍ദ്ധിച്ചു, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് 33 ശതമാനം വളരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

