തിരുവനന്തപുരത്ത് വില്ലേജ് ഓഫീസുകളിൽ കളക്ടറുടെ മിന്നൽ പരിശോധന; വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വില്ലേജ് ഓഫീസുകളിൽ കളക്ടറുടെ മിന്നൽ പരിശോധന. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലാണ് കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ജില്ലാ കളക്ടർ, എഡിഎം, കളക്ടറേറ്റ് ഇൻസ്‌പെക്ഷൻ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

തിരുമല, തൈക്കാട് വില്ലേജുകളിൽ ജില്ലാ കളക്ടർ നേരിട്ടെത്തി പരിശോധന നടത്തി. ഹാജർ രജിസ്റ്റർ, പോക്കു വരവ്, തരം മാറ്റൽ രജിസ്റ്ററുകൾ, മൂവ്‌മെന്റ് രജിസ്റ്റർ എന്നിവയും വിവിധ രേഖകളും ഫയലുകളും കളക്ടർ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെയുടെ നേതൃത്വത്തിൽ കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളിലും പരിശോധന നടന്നു. കളക്ടറേറ്റ്് ഇൻസ്‌പെക്ഷൻ വിംഗിന്റെ നേതൃത്വത്തിലായിരുന്നു കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂർ എന്നിവിടങ്ങളിൽ പരിശോധന നടന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.