ലക്നൗ: സുഹൃത്തിന്റെ മരണത്തിന് പിന്നാലെ യുവാവ് ചിതയിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശി ആനന്ദ് ആണ് സുഹൃത്തിന്റെ ചിതയിൽ ചാടി മരിച്ചത്. 40 വയസായിരുന്നു.
ശനിയാഴ്ച്ച യമുനാ നദിക്കരയിലാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശിലെ നാഗ്ള കാംഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അശോക് എന്നയാൾ ആനന്ദിന്റെ സുഹൃത്തായിരുന്നു. കാൻസർ ബാധിതനായിരുന്ന അശോക് ശനിയാഴ്ച്ച മരണത്തിന് കീഴടങ്ങി. തുടർന്ന് യമുനാ നദിക്കരയിൽ അശോകിന്റെ സംസ്കാര ചടങ്ങുകൾ നടക്കവെ ആനന്ദ് ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
അശോകിന്റെ മൃതദേഹം ചിതയിൽ വച്ച് തീകൊടുത്തതിനുശേഷം അവിടെക്കൂടിയിരുന്നവർ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു ആനന്ദിന്റെ അപ്രതീക്ഷിത നീക്കം. തുടർന്ന് അവിടെയുണ്ടായിരുന്നവർ ചേർന്ന് ആനന്ദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായ ആനനന്ദിനെ അവിടെനിന്ന് ആഗ്ര മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

