എന്താണിത്? പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ഉള്‍പ്പെടുത്തി എന്താണിതെന്ന ചോദ്യവുമായി ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്.

കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ രാജ്യത്തെ ജനങ്ങള്‍ സമ്മതിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും ആര്‍ജെഡി ലീഡര്‍ ശക്തിസിങ് യാദവ് പ്രതികരിച്ചു.

അതേസമയം, പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയ ആര്‍ജെഡിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദിയും ആവശ്യപ്പെട്ടു.