ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണം; കൂടിക്കാഴ്ച്ച നടത്തി കാതോലിക്ക ബാവയും കാന്തപുരവും

കോഴിക്കോട്: ഓർത്തോഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കാന്തപുരം അബൂബക്കർ മുസ്ലിയാരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. കാരന്തൂർ മർകസിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങൾ ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതക്കുംവേണ്ടി ഏവരും നിലകൊള്ളണം. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ കൂടിക്കാഴ്കകൾ സമൂഹത്തിന് ഒരുമയുടെ സന്ദേശം നൽകും. മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും പരസ്പരം അറിയാൻ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകളും വിശ്വാസികൾക്കിടയിൽ ഉണ്ടാക്കുന്നു. ഈ അറിവില്ലായ്മയാണ് തത്പര കക്ഷികൾ മുതലെടുക്കുന്നതും. അതിനാൽ പരസ്പരം അറിയാനും സന്ദേശങ്ങൾ കൈമാറാനുമുള്ള വേദികൾ ഒരുക്കുന്നതിന് ഇരു സമുദായങ്ങൾക്കുമിടയിൽ സംവിധാനമുണ്ടാക്കും. പരസ്പര സ്നേഹത്തിനും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന ചർച്ചകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ എല്ലാ വിഭാഗങ്ങളും തയ്യാറാകണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇരു സമുദായങ്ങൾക്കുമുള്ള സംവിധാനങ്ങൾ പരിസ്പരം ഉപയോഗപ്പെടുത്താനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. നാടിന്റെയും സമൂഹത്തിന്റെയും, പുരോഗതിക്ക് ആവശ്യമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള ഇടങ്ങൾ കണ്ടെത്തും. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കാൻ വിവിധ ഉദ്യമങ്ങൾക്ക് ആരംഭം കുറിക്കും. ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്ക്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. മദ്യ, ലഹരി നിരോധനത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ ശിക്ഷകൾ നൽകാനും അധികാരികൾ ഇടപെടണം. വർഗീയതക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.