എം ജി വിസി ഡോ സാബു തോമസിന് പുനർനിയമനം നൽകണമെന്ന നിർദ്ദേശം; വിയോജിപ്പുമായി ഗവർണർ

തിരുവനന്തപുരം: ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എം ജി വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് നിർദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എന്നാൽ, ഈ നിർദ്ദേശത്തോട് ഗവർണർക്ക് വിയോജിപ്പാണുള്ളത്. കണ്ണൂർ സർവകലാശാലയിൽ വിസിക്ക് പുനർനിയമനം നൽകിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിൽ ഗവർണർക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, കണ്ണൂർ സർവകലാശാല നിയമത്തിന് വ്യത്യസ്തമായി എംജിയിൽ സർവകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. താൽക്കാലിക വിസിയെ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ ഭാഗമായി ഗവർണർ 3 സീനിയർ പ്രൊഫസർമാരുടെ പാനൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

താൽക്കാലിക വിസിയെ നിയമിക്കുക സർക്കാർ നിർദേശിക്കുന്ന പാനലിൽ നിന്നാവും. കുസാറ്റിലും സർക്കാർ നിർദേശിച്ച ആൾക്കാണ് വിസിയുടെ ചുമതല നൽകിയത്.