രാമപുരം: വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലായി കുറുക്കന്റെ ആക്രമണത്തില്‍ 4 പേര്‍ക്കു പരിക്കേറ്റു. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു ഇന്നലെ രാവിലെ കുറുക്കന്റെ കടിയേറ്റു പരിക്കേറ്റത്.
മുന്‍ പഞ്ചായത്ത് മെമ്പറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു കുറുക്കന് മുഖത്തുചാടി കടിച്ചത്. ബേബിയുടെ മുഖത്തും കയ്യിലും കടിയേറ്റു. വിരല്‍ കുറുക്കന് കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

