പത്തനംതിട്ട: കസ്റ്റഡിയിലുള്ളവരെയോ കേസുകളിലെ പ്രതികളെയോ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്. എഡിജിപി എം. ആര്‍ അജിത് കുമാര്‍ ആണ് 15 നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1-കസ്റ്റഡിയിലുള്ള അക്രമാസക്തമായ പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുന്നതോ പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളതോ ആയ വ്യക്തികളുടെ വൈദ്യ പരിശോധന ആരംഭിക്കുന്നതിന് മുന്‍പ്, ആയുധമായി ഉപയോഗിച്ച് സ്വയം മുറിവ് ഉണ്ടാക്കുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ഉപയോഗിച്ചേക്കാവുന്ന കത്രിക, കത്തി തുടങ്ങിയ ഉപകരണങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മെഡിക്കല്‍ ഓഫീസറോട് നിര്‍ദ്ദേശിക്കാവുന്നതാണ്. (എന്നാല്‍, ഈ നിര്‍ദ്ദേശം മെഡിക്കല്‍ ഓഫീസര്‍ക്ക് പാലിക്കാന്‍ കഴിയാത്തതാണെന്ന് പൊലീസ് സേനയിലുള്ളവര്‍ പറയുന്നു. മുറിവ് പറ്റിയ ആളാണെങ്കില്‍ ഡ്രസ് ചെയ്യാന്‍ വേണ്ടി വരുന്ന ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചേ മതിയാകു. അതിനിടെ അക്രമാസക്തനായ പ്രതിക്ക് ഇത് കൈക്കലാക്കുന്നതിന് വലിയ പ്രയാസമൊന്നും വരില്ല.)
2-അക്രമാസക്തമായ പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുന്നതോ പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളതോ ആയ കസ്റ്റഡിയിലുള്ള വ്യക്തികളെ പരിശോധിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാധുവായ പ്രത്യേക നിര്‍ദ്ദേശം നല്‍കുന്ന സാഹചര്യത്തിലല്ലാതെ ഒരു കാരണവശാലും ഈ വ്യക്തികളുടെ സമീപത്ത് നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാറി നില്‍ക്കുവാന്‍ പാടുള്ളതല്ല. വിട്ടു നില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ വ്യക്തികളെ കാണാന്‍ കഴിയുന്ന അകലത്തിലും അക്രമം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ അയാളെ വരുതിയിലാക്കുവാന്‍ കഴിയുന്ന അകലത്തില്‍ നില്‍ക്കേണ്ടതും അത്തരം സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിന് കാത്തു നില്‍ക്കാതെ ഉടനടി പ്രവര്‍ത്തിക്കേണ്ടതുമാണ്.
3-പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളവരുടെ മെഡിക്കല്‍ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ എടുക്കണം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇത്തരം വ്യക്തികളെ ഹാജരാക്കുമ്പോള്‍ ഈ പ്രോട്ടോക്കോളുകള്‍ ഉചിതമായും സൂക്ഷ്മമായും പാലിക്കണം. ഇവര്‍ക്ക് കൈവിലങ്ങ് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയങ്ങളിലോ അല്ലാത്തപ്പോഴോ ഇത്തരം വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യം വന്നാല്‍ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഓരോ വര്‍ഷവും ഓരോ നിശ്ചിത കാലയളവിലേക്ക് നിര്‍ബന്ധിത സ്വയം പ്രതിരോധ പരിശീലനം നല്‍കണം. ഈ വര്‍ഷത്തെ ഇത്തരം പരിശീലനങ്ങള്‍ ഓഗസ്റ്റ് 31 ന് മുന്‍പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
എന്നാല്‍, അക്രമിക്കെതിരേ മതിയായ ബലപ്രയോഗം വേണമെന്ന് ഉത്തരവില്‍ ഒരിടത്തും പറയുന്നില്ല. പ്രതി അക്രമാസക്തനായാല്‍ വെടി വച്ചു വീഴ്ത്താനോ ആയുധം ഉപയോഗിച്ച് കീഴ്‌പ്പെടുത്താനോ പറയുന്നില്ല. അതിന് തക്കതായ പരിശീലനം നല്‍കാനുള്ള നിര്‍ദ്ദേശവും സര്‍ക്കുലറില്‍ പറയുന്നില്ല.

