ലണ്ടന്‍: രാജ്യത്ത് പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവും. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍നിന്ന് 1,39,539 വിദ്യാര്‍ഥികളും അവരുടെ ആശ്രിതരായി 38,990 പേരുമാണ് ബ്രിട്ടനിലെത്തിയത്.
അതേസമയം, നൈജീരിയന്‍ വിദ്യാര്‍ഥികളുടെ ആശ്രിതരായി 60,923 പേരാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് 28,061 വിദ്യാര്‍ഥികളും 9,055 ആശ്രിതരും കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തി. ബംഗ്ലദേശില്‍ നിന്ന് 15,637 വിദ്യാര്‍ഥികള്‍, 7027 ആശ്രിതര്‍, ശ്രീലങ്കയില്‍ നിന്ന് 5715 വിദ്യാര്‍ഥികള്‍് 5441 ആശ്രിതര്‍ എന്നിങ്ങനെയാണ് ബ്രിട്ടനിലെത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ആശ്രിതരെ കൊണ്ടുവരാനാകില്ല.
കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം. ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവര്‍മാനാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ അറിയിച്ചത്. ബ്രിട്ടനില്‍ തൊഴില്‍ തരപ്പെടുത്തുന്നതിനുള്ള പിന്‍വാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

