വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വരരുത്; ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വരരുതെന്ന് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയില്‍ ആക്കും. നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തരുതെന്നും തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍

സെക്രട്ടേറിയേറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 2023 മെയ് 15ന് മുന്‍പായി പൂര്‍ണമായും വൃത്തിയാക്കേണ്ടതാണെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ പല സെക്ഷനുകളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകള്‍, രജിസ്റ്ററുകള്‍, റിപ്പോര്‍ട്ടുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ നീക്കം ചെയ്യാതെ കിടക്കുന്നു. അതാത് വകുപ്പിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരായിരിക്കും ഇതിന് ഉത്തരവാദികള്‍. അവരില്‍ നിന്നും പിഴ ഈടാക്കും.

എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാറ്റിക് കുപ്പികളും പൂര്‍ണമായി ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ഉപയോഗിക്കണം.

ചില ജീവനക്കാര്‍ വീട്ടില്‍ നിന്നുള്ള വിവിധ തരം മാലിന്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആയതിനാല്‍ വേസ്റ്റ് ബിന്നുകള്‍ സിസിടിവി ക്യാമറകളുടെ പരിധിയില്‍ കൊണ്ടവരുന്നതും അത്തരം പ്രവൃത്തികള്‍ അച്ചടക്കലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നതുമാണ്.

പല സെക്ഷനുകളിലും കുപ്പിയില്‍ വെള്ളം നിറച്ച് അലങ്കാര ചെടികള്‍ ഇട്ട് വയ്ക്കുന്നുണ്ട്. പലയിടത്തും ഈ വെള്ളത്തില്‍ കുത്താടികളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഡെങ്കിപ്പനി പോലുള്ള ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ അത്തരം കുപ്പികളും ചെടികളും എത്രയും വേഗം ചെയ്യേണ്ടതാണ്.

ടോയ്‌ലറ്റുകള്‍ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കുക എന്നത് എല്ലാ ജീവനക്കാരുടേയും അവകാശവും കടമയുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാരുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ടോയ്‌ലറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച മുന്നറിയിപ്പുകള്‍, ടോയിലറ്റുകളില്‍ സോപ്പ്, ജല ലഭ്യത. വേസ്റ്റ് ബിന്നുകള്‍ യഥാസമയമുള്ള വൃത്തിയാക്കല്‍ എന്നിവ ഉറപ്പ് വരുത്തണം.

സെക്രട്ടേറിയറ്റ് ഗാര്‍ഡനിലെ കരിയിലകളും പള്ളിക്കമ്പുകളും വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും മറ്റ് അവശിഷ്ടങ്ങളും നടന്‍ തന്നെ നീക്കം ചെയ്യണം.

സെക്രട്ടേറിയറ്റില്‍ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങളില്‍ ഭൂരിഭാഗവും PWD സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ നടത്തുന്ന വര്‍ക്കുകളുടേതാണ്. ആയതിനാല്‍ സെക്രട്ടേറിയറ്റിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന ഇത്തരം മാലിന്യങ്ങള്‍ ക്രമപ്രകാരം എത്രയും വേഗം നീക്കംചെയ്യേണ്ടതാണ്.

മരാമത്ത് പണികളുടെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സെക്രട്ടേറിയറ്റ് കാമ്പസില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് അതാത് വര്‍ക്ക് ഓര്‍ഡറില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. നിര്‍മ്മാണ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ടെന്ന് ബില്‍ തുക നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പുവരുത്തേണ്ടതാണ്.

സെക്രട്ടറിയറ്റിന്റെ വിവിധയിടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.

സെക്രട്ടേറിയേറ്റിലെ പല ഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന നിരവധി സര്‍ക്കാര്‍ വാഹനങ്ങളുണ്ട്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ അവ ഉടനടി നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിരവധി തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആയതിനാല്‍ അവ അതത് വകുപ്പുകള്‍ ഉടന്‍ തന്നെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.