വിദേശ യാത്ര തുലാസിൽ; പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി 2 രണ്ടു വർഷം തടവു ശിക്ഷ വിധിച്ചതോടെ ലോക്‌സഭാ അംഗത്വം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയും അനിശ്ചിതത്വത്തിൽ. മാർച്ച് മാസം എം പി സ്ഥാനത്ത് നിന്നും നീക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന്റെ സാധുത നഷ്ടമായിരുന്നു. ഇതോടെ രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സറണ്ടർ ചെയ്യുകയും പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. സാധാരണ പാസ്‌പോർട്ട് ലഭിക്കാനാണ് രാഹുൽ അപേക്ഷ സമർപ്പിച്ചത്.

എന്നാൽ രാഹുലിന് പാസ്‌പോർട്ട് ലഭിക്കാൻ ചില പ്രശ്‌നങ്ങളൊക്കെ നിലനിൽക്കുന്നുണ്ട്. ഹെറാൾഡ് കേസാണ് പ്രധാന പ്രശ്‌നം. അമേരിക്കൻ യാത്രക്ക് മുന്നോടിയായാണ് രാഹുൽ ഗാന്ധി പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയത്. കേസുകൾ നിലനിൽക്കുന്നതിനാൽ എതിർപ്പ് അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരിക്കുകയാണ്.

സാധാരണ പാസ്പോർട്ട് ലഭിക്കാനായി ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്നാണ് രാഹുൽ നൽകിയ അപേക്ഷ. എന്നാൽ ഇതിനിടെ നാഷണൽ ഹെറാൾഡ് കേസ് കോടതിയുടെ ശ്രദ്ധയിൽ വന്നു. തുടർന്ന് കേസിലെ പരാതിക്കാരനായ സുബ്രമണ്യൻ സ്വാമിക്ക് പറയാനുള്ളത് കേൾക്കാൻ കോടതി തീരുമാനിച്ചു. രാഹുലിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ അപേക്ഷയിൽ മറുപടി നൽകാൻ സുബ്രഹ്മണ്യ സ്വാമിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.