2000 രൂപ നോട്ടുകൾ പിൻവലിക്കാനുളള്ള റിസർവ് ബാങ്ക് ഉത്തരവ് റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുളള്ള റിസർവ് ബാങ്ക് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് ഇതുസംബന്ധിച്ച് പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്.

ആർബിഐ ആക്ട് 1934 പ്രകാരം നോട്ടുകൾ പിൻവലിക്കാനുള്ള അധികാരം ആർബിഐക്ക് ഇല്ലെന്നും കേന്ദ്രസർക്കാരിനാണ് അതിനുള്ള അധികാരമെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ രജ്നീഷ് ഭാസ്‌കർ ഗുപ്തയാണ് ഹൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. അച്ചടിച്ചിറക്കിയ നോട്ടുകൾ കേവലം 4-5 വർഷത്തിനുള്ളിൽ പിൻവലിക്കുന്നത് അന്യായവും ഏകപക്ഷീയവും പൊതുനയത്തിന് വിരുദ്ധവുമാണ്. നോട്ടുകൾ പിൻവലിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവലോകനം ചെയ്യാതെയാണ് ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനം ആർബിഐ സ്വീകരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

2016ലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ട് അച്ചടിക്കാൻ പൊതുഖജനാവിൽ നിന്ന് ആയിരം കോടി രൂപയോളം സർക്കാർ ചെലവാക്കിയത് ആ നോട്ടുകൾ ഇത്രപെട്ടെന്ന് പിൻവലിച്ചതോടെ വലിയ പാഴ്ചെലവായി. 2000 രൂപ നോട്ടുകളുടെ കാലാവധി 4-5 വർഷം വരെയാണെങ്കിൽ, അതേ കാലയളവിൽ അച്ചടിച്ച 500, 200, 100, 50, 20, 10, 5 രൂപ നോട്ടുകൾക്കും ഇതേ കാലാവധിയായിരിക്കും ഉണ്ടാവുക. അങ്ങനെയെങ്കിൽ ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായി പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ഏപ്പോൾ വേണമെങ്കിലും ഈ നോട്ടുകളും പിൻവലിച്ചേക്കാമെന്നും ഹർജി വിശദമാക്കുന്നു.

ഇന്ത്യയിൽ നിലവിലുള്ള എല്ലാ നോട്ടുകളുടെയും കാലയളവ് എത്രയാണെന്നും എപ്പോഴാണ് ഈ നോട്ടുകൾ പിൻവലിക്കുകയെന്നതും സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ പ്രത്യേക സർക്കുലർ ആർബിഐ, ധനമന്ത്രാലയം എന്നിവ പുറത്തിറക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടുവെയ്ക്കുന്നു.