ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം: ജൂൺ ഏഴു മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ജൂൺ ഏഴു മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് സ്വകാര്യ ബസുടമകൾ. ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസ് ഉടമകൾ നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥി കൺസെഷന് പ്രായപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചത്.

അതേസമയം, ഒരു പ്രകോപനവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചതെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ ബസുടമകൾ ആഗ്രഹിച്ച പോലെ ബസ് ചാർജ് വർധന വരുത്തിയതാണ്. എന്നാൽ, വീണ്ടും ഒരു പ്രകോപവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷം ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഇങ്ങനെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്ക് ഇറങ്ങുന്നത് ശരിയാണോ എന്ന് അവർ തന്നെ ചിന്തിക്കണമെന്ന് ഗതാഗതമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സമരവുമായി മുന്നോട്ടുപോകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ബസ് ഉടമകൾ ഉന്നയിക്കുന്നത് വിചിത്രമായ വാദങ്ങളാണ്. അവർ കെഎസ്ആർടിസിയിലെ കൺസെഷൻ എങ്ങനെയായിരിക്കണമെന്ന് അവർ നിർദേശിച്ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിക്കാൻ പാടില്ലെന്ന് സ്വകാര്യ ബസ് ഉടമകൾക്ക് എങ്ങനെയാണ് പറയാൻ കഴിയുക. ബസ് ഉടമകളുടെ നിവേദനം ലഭിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും നടപ്പാക്കിയതാണ്. വിദ്യാർത്ഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് കമ്മീഷനെ വെച്ചിട്ടുണ്ട്. കമ്മീഷനുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.