ഭാര്യാഭർത്താക്കൻമാരുടെ വിവാഹേതര ബന്ധങ്ങൾ ദാമ്പത്യ തകർച്ചയ്ക്കും കൂടുതൽ വിവാഹ മോചനങ്ങൾക്കും വഴിയൊരുക്കുന്നു; വനിതാ കമ്മീഷൻ

കാഞ്ഞങ്ങാട്: വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവർ നിർബന്ധമായും പ്രീമാരിറ്റൽ കൗൺസിലിങിനു വിധേയമായിരിക്കണമെന്ന് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി. സ്‌കൂളുകളിലും കോളേജുകളിലും കൗൺസിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിലാണ് സതിദേവി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് ജില്ലയിൽ ഭാര്യാഭർത്താക്കൻമാരുടെ വിവാഹേതര ബന്ധങ്ങൾ വർധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകർച്ചയ്ക്കും കൂടുതൽ വിവാഹ മോചനങ്ങൾക്കും വഴിയൊരുക്കുന്നുവെന്നും സതിദേവി പറഞ്ഞു.

ജില്ലയിൽ 31 പരാതികളാണ് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ പരിഗണിച്ചത്. ഇവയിൽ 10 കേസുകൾ തീർപ്പാക്കി. മൂന്നെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന് കേസുകൾ കൗൺസിലിങ്ങിന് നിർദ്ദേശിക്കുകയും ചെയ്തു. മറ്റു പരാതികൾ ഗാർഹിക പീഡനം, വഴി തർക്കം എന്നിവ സംബന്ധിച്ചതാണ്.

പോസ്റ്റ്-മാരിറ്റൽ കൗൺസിലിങ്, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നുണ്ട്. ഇതിന് വേണ്ടിയുള്ള സൗകര്യങ്ങൾ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനും കമ്മീഷൻ പദ്ധതിയിടുന്നുണ്ടെന്നും സതിദേവി ചൂണ്ടിക്കാട്ടി. പാനൽ അംഗങ്ങളായ അഡ്വ.പി.കുഞ്ഞയിഷ, അഡ്വ.സിന്ധു, വനിതാ പോലീസ് സെൽ എസ്.ഐ ടി.കെ.ചന്ദ്രിക, ഫാമിലി കൗൺസിലിംഗ് സെന്റർ കൗൺസിലർ രമ്യ ശ്രീനിവാസൻ, വനിതാ സെൽ സി.പി.ഒ ടി.ഷീന, കമ്മീഷൻ ബൈജു ശ്രീധരൻ, മധുസൂദനൻ നായർ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.