സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് സുതാര്യമായാണ്; ഗവർണർക്ക് മറുപടിയുമായി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശത്തിനാണ് മന്ത്രി മറുപടി നൽകിയത്. സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്നായിരുന്നു ഗവർണറുടെ പരാമർശം. വിദ്യാർത്ഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പാൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി വ്യക്തമാക്കി.

സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് സുതാര്യമായാണ്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ആർ ബിന്ദു വിശദമാക്കി.

വിഷയത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. യൂണിയന്റെ ബലത്തിൽ പലരും നിയമം കൈയ്യിലെടുക്കുകയാണെന്നായിരുന്നു ഗവർണർ പറഞ്ഞിരുന്നു. ഭീകരമായ അവസ്ഥയാണിത്. കേരളത്തിൽ നിയമലംഘനം തുടർച്ചയാവുകയാണ്. കേരളം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പലരും പഠിക്കാൻ പുറത്തേക്ക് പോവുകയാണ്. പലപ്പോഴും നാലുവർഷ കോഴ്‌സ് അഞ്ചര വർഷം നീളുന്ന സാഹചര്യവുമുണ്ടെന്നും പൊതു താല്പര്യം കണക്കിലെടുത്തുള്ള ഓർഡിനൻസിൽ ഒപ്പിടുമെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.