കൊച്ചി: സ്വന്തം സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. ഏഴ് മാസം (32 ആഴ്ചയിലേറെ) ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച അനുമതി നൽകിയത്. പതിനഞ്ചുകാരിയുടെ പിതാവാണ് ഗർഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയിൽ ഹർജി നൽകിയത്
സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകളും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുഞ്ഞ് ജനിച്ചാൽ അതു സാമൂഹ്യമായ സങ്കീർണതകൾക്കു കാരണമാവുമെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗർഭഛിദ്രത്തിന് അനുമതി നൽകുക മാത്രമാണ് പോംവഴിയെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഗർഭഛിദ്രത്തിനു നടപടി സ്വീകരിക്കാൻ കോടതി ജില്ലാ മെഡിക്കൽ ഓഫീസർക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും നിർദേശം നൽകുകയായിരുന്നു. വസ്തുത കണക്കിലെടുക്കുമ്പോൾ, കുട്ടി ജനിച്ചത് സ്വന്തം സഹോദരനിൽ നിന്നാണ്. വിവിധ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഗർഭം അലസിപ്പിക്കാൻ ഹർജിക്കാരൻ ആവശ്യപ്പെടുന്നതുപ്രകാരം അനുമതി അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു കാലതാമസവും വരാതെ ഗർഭഛിദ്രത്തിന് ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിന് ഗർഭധാരണം തുടരുന്നത് ഗുരുതരമായ പരിക്കേൽപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

