വണ്ടിപ്പെരിയാർ: ഗവിയിലേക്കു സർവീസ് ആരംഭിക്കാനുള്ള സ്വകാര്യ ബസ് ഉടമകളുടെ നീക്കത്തിന് തടയിട്ട് വനംവകുപ്പ്. വണ്ടിപ്പെരിയാറിൽ നിന്നു ഗവിയിലേക്കു പുറപ്പെട്ട മുബാറക്ക് ബസിന്റെ സർവീസ് വനംവകുപ്പ് തടഞ്ഞു. വള്ളക്കടവ് വനംവകുപ്പ് ചെക്‌പോസ്റ്റിൽ വെച്ചാണ് ബസ് സർവീസ് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്.
ഈ ബസ് 12 വർഷം മുൻപ് വണ്ടിപ്പെരിയാർ, വള്ളക്കടവ്, ഗവി കൊച്ചുപമ്പ, റൂട്ടിൽ സർവീസ് നടത്തിയിരുന്നു. പിന്നീട് ഈ സർവ്വീസ് നിലച്ചിരുന്നു. 12 വർഷങ്ങൾക്ക് ശേഷം സർവ്വീസ് പുന:രാരംഭിക്കാനായിരുന്നു ശ്രമം. ഇതിനാണ് വനംവകുപ്പ് തടയിട്ടത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ഉടമകൾ രംഗത്തെത്തി. ഇടുക്കി ആർടിഒ നൽകിയ 120 ദിവസത്തെ താൽക്കാലിക പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് ആരംഭിച്ചതെന്നാണ് ബസ് ഉടമകൾ വ്യക്തമാക്കിയത്. എന്നാൽ, പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡിൽ കൂടി സർവീസ് നടത്തണമെങ്കിൽ കേന്ദ്ര- വന നിയമപ്രകാരമുള്ള അനുമതി ആവശ്യമാണെന്ന് വനംവകുപ്പ് വിശദമാക്കി. അനുമതി ലഭ്യമായാൽ ബസ് സർവീസ് കടന്നു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വള്ളക്കടവ് റേഞ്ച് ഓഫിസർ എൻ കെ അജയഘോഷ് അറിയിച്ചു.

