പാലക്കാട്: റോഡ് ക്യാമറ നിരീക്ഷണത്തിൽ നിന്നോ പിഴയീടാക്കുന്നതിൽ നിന്നോ വിഐപികളെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹനവകുപ്പ്. നിയമലംഘനം നടത്തിയാൽ വിഐപികളാണെങ്കിലും പിഴ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ പ്രത്യേക വിജ്ഞാപനം ഇറക്കില്ലെന്ന തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
വിവരാവകാശ പ്രവർത്തകൻ ബോബൻ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്. ജൂൺ മാസം അഞ്ചു മുതലാണ് സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകൾ വഴി പിഴ ഈടാക്കി തുടങ്ങുന്നത്. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്. മാസം 20 മുതൽ പിഴയീടാക്കുമെന്നാമ് നേരത്തെ അറിയിച്ചതെങ്കിലും പിന്നീട് തീയതി നീട്ടുകയായിരുന്നു.

