തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായി വിജയന് പദ്ധതിയുണ്ടെന്നും ഇതിനായി സിപിഎമ്മിനെ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിമാ’ക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇവിടുത്തെ ഇസ്ലാമിക തീവ്രവാദി ജിഹാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ശേഷം മുഹമ്മദ് റിയാസ് എന്ന പുതിയാപ്ലയെ വാഴിക്കാമെന്നാണ് പൂതിയെങ്കിൽ അത് നടക്കില്ല. അഞ്ചു വർഷത്തേക്ക് വിലക്കയറ്റമുണ്ടാവില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് പിണറായി സർക്കാർ. ഇപ്പോൾ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത നിലയിലാണ് വിലക്കയറ്റം. ഈ ദുർഭരണത്തിനെതിരെ ശക്തമായ വികാരം നാട്ടിലെ ജനങ്ങൾക്കിടയിലുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ബിജെപിക്ക് ചരിത്രം സൃഷ്ടിക്കാൻ സാധിക്കും. ഒരുപക്ഷേ, ഏറ്റവും നല്ല അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ്. സ്പ്രിംക്ളർ, ലൈഫ്മിഷൻ, ലാവലിൻ, ഡോളർക്കടത്ത്, സ്വർണക്കടത്ത്, എന്തിനേറെ പറയുന്നു റിവേഴ്സ് ഹവാല കണ്ടുപിടിച്ച ആളാണ് പിണറായി വിജയൻ. ഏറ്റവും അവസാനമായി എഐ ക്യാമറയിലും അഴിമതി നടത്തിയെന്ന് എ പി അബ്ദുള്ളക്കുട്ടി ആരോപണം ഉന്നയിച്ചു.
അഴിമതികളുടെ നദികളെല്ലാം ഒഴികിയെത്തി ക്ലിഫ് ഹൗസ് ഒരു അഴിമതി മഹാസമുദ്രമായി മാറി. മകളും മകനും കുടുംബവും അഴിമതിക്ക് കൂട്ട് നിൽക്കുന്നു. പണ്ട് അഴിമതി നടത്തിയാൽ പാർട്ടി അക്കൗണ്ടിലേക്ക് പണം വരുമായിരുന്നു. ഇപ്പോൾ പാർട്ടി പിണറായിയുടേതായി മാറിയപ്പോൾ അദ്ദേഹത്തിന്റെ പണംമുഴുവൻ കുടുംബത്തിലേക്കാണ് വരുന്നത്. മരുമകൻ മുഹമ്മദ് റിയാസിനെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും എല്ലാ അഴിമതിക്കും കൂട്ടുനിൽക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

