പത്മരാജന്‍ സാഹിത്യ പുരസ്‌കാരം: മികച്ച നോവലിസ്റ്റ് എം. മുകുന്ദന്‍, വി. ജെ. ജെയിംസ് കഥാകൃത്ത്‌

തിരുവനന്തപുരം: 2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും.

നിങ്ങള്‍ എന്ന നോവലിന് എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. വെള്ളിക്കാശ് എന്ന ചെറുകഥക്ക് വി. ജെ. ജെയിംസ് മികച്ച കഥാകൃത്തിനുള്ള അവാര്‍ഡിന് അര്‍ഹനായി. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. അതേസമയം, നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് ശ്രുതി ശരണ്യത്തിനാണ് പുരസ്‌കാരം. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.