തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനി ആർ എസ് എസ് ശാഖകൾ അനുദവിക്കില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. എല്ലാ ക്ഷേത്രങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വിശദമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ ആർഎസ്എസിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പാലിക്കപ്പെടാത്തതിനാൽ നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

