പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ റിസോര്‍ട്ടിന് മതിയായ രേഖകളില്ലാതെ അനുമതി നൽകി; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: എൻഐഎ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി മാങ്കുളത്തെ റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയതിനെതിരെ അന്വേഷണം ആരംഭിച്ചു. മൂന്നാർ ഡിവൈഎസ്പി സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലാർക്ക് തുടങ്ങിയവരെ ചോദ്യം ചെയ്തു. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഒരാഴ്ച്ച മുമ്പാണ് പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള മാങ്കുളം വിരിപാറയിലെ റിസോർട്ടിന് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയത്. പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റടക്കമുണ്ടെങ്കിലെ ലൈസൻസ് പുതുക്കി നൽകാനാവു. ഇതോന്നുമില്ലാതെയായിരുന്നു ലൈസൻസ് പുതുക്കി നൽകിയത്. വിവരം പുറത്തുവന്നതോടെ ഇടുക്കി എസ്പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണസാധ്യത അറിഞ്ഞതോടെ മാങ്കുളം പഞ്ചായത്ത് ലൈസൻസ് റദ്ദാക്കി. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സെക്ഷൻ ക്ലാർക്ക് മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ മുന്നാർ ഡിവൈഎസ്പി ചോദ്യം ചെയ്തത്. സംഭവത്തിൽ വീഴ്ച്ച പറ്റിയെന്നും പോപ്പുലർ ഫ്രണ്ട് നേതാവിന്റേതാണ് റിസോർട്ട് എന്നറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ മറ്റെന്തെങ്കിലും ഇടപെടലുകളുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.

എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. കള്ളപണ ഇടപാടുകൾ നടക്കുന്നുണ്ടോയെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന നടന്നത്.