ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന നിർദ്ദേശങ്ങൾ നൽകി സിദ്ധരാമയ്യ. തനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്നാണ് സിദ്ധരാമയ്യ നൽകിയ നിർദ്ദേശം. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് താൻ ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യസംഗമത്തിന്റെ വേദി കൂടിയായിരുന്നു കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങ്. തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചു. എൻസിപി മേധാവി ശരദ് പവാറും സിപിഎം, സിപിഐ ദേശീയ ജനറൽ സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ നിറസാന്നിദ്ധ്യമായി. അനാരോഗ്യം കാരണം സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല.
നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, സുഖ്വീന്ദർ സിങ് സുഖു, ഭൂപേഷ് ഭാഗേൽ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായി.

