ബംഗളുരു: കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി കോൺഗ്രസ് സർക്കാർ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനവും സ്വീകരിച്ചു. ആദ്യ ഘട്ടത്തിൽ നടപ്പാക്കുക അഞ്ച് വാഗ്ദാനങ്ങളാണ്. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ തുടങ്ങിയ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ കർണാടകയിൽ നടപ്പിലാക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നിയമസഭ ചേരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യസംഗമത്തിന്റെ വേദി കൂടിയായി. തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചു. എൻസിപി മേധാവി ശരദ് പവാറും സിപിഎം, സിപിഐ ദേശീയ ജനറൽ സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ നിറസാന്നിദ്ധ്യമായി. അനാരോഗ്യം കാരണം സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല.
നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, സുഖ്വീന്ദർ സിങ് സുഖു, ഭൂപേഷ് ഭാഗേൽ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായി.

