സർക്കാരിന്റെ വ്യാജ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനു പകരം ഹിതപരിശോധ നടത്താൻ തന്റേടമുണ്ടോ; ചോദ്യവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ‘യഥാർഥ കേരള സ്റ്റോറി’ എന്ന വ്യാജേന സർക്കാർ കോടികൾ മുടക്കി നടത്തിയ പ്രചാരണത്തേക്കാൾ വസ്തുതാപരം പ്രതിപക്ഷം അവതരിപ്പിച്ച കുറ്റപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വ്യാജ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനു പകരം ഹിതപരിശോധ നടത്താൻ തന്റേടമുണ്ടോയെന്ന ചോദ്യവും സുധാകരൻ ഉന്നയിച്ചു.

മുൻ സർക്കാരുകളുടെ തുടർച്ചയും കേരളം കാലാകാലങ്ങളായി കൈവരിച്ച നേട്ടങ്ങളും സ്വന്തം പേരിനൊപ്പം ചേർത്ത് മുഖ്യമന്ത്രി കെട്ടുകാഴ്ചകളായി അവതരിപ്പിച്ചത് പരിഹാസ്യമാണ്. ഏഴു വർഷമായിട്ടും എടുത്തു പറയാൻ ഒരു നേട്ടമെങ്കിലും പിണറായി സർക്കാരിനുണ്ടോ. കേരളത്തിന്റെ യഥാർഥ അവസ്ഥ പ്രതിപക്ഷത്തിന്റെ കുറ്റപത്രം വരച്ചുകാട്ടിയപ്പോൾ മുഖ്യമന്ത്രി അവതരിപ്പിച്ച ‘യഥാർഥ കേരളാ സ്റ്റോറി’ പെരുംകള്ളവും ഉള്ളിപൊളിച്ചതുപോലെ ശുഷ്‌കവുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി സർക്കാർ ഏറെ തള്ളിമറിച്ച കെ-ഫോൺ പദ്ധതിയുടെ തുക 1028 കോടിയായിരുന്നത് ബന്ധുക്കൾക്ക് 500 കോടി വെട്ടിമാറ്റാൻ 1538 കോടിയാക്കി ഉയർത്തി. പ്രചാരണത്തിനായി ഉയർത്തിക്കാട്ടിയ ആരോഗ്യ, വിനോദസഞ്ചാര മേഖലകളെ മുടിപ്പിച്ചുവെന്നതാണ് യാഥാർഥ്യം. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽവച്ച് യുവ ഡോക്ടർക്ക് അക്രമിയുടെ കുത്തേറ്റിട്ടും ജീവൻ രക്ഷിക്കാൻ സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടി വന്നുവെന്നതാണ് ആരോഗ്യ വകുപ്പിന്റെ ദയനീയാവസ്ഥയെന്ന് അദ്ദേഹം വിമർശിച്ചു.

സർക്കാരിന് ഏറ്റവും അഭിമാനകരമായി മാറേണ്ടിയിരുന്ന റോഡ് ക്യാമറ പദ്ധതി അഴിമതിയിൽ മുങ്ങിയതോടെ അതിനെക്കുറിച്ച് പ്രചാരണത്തിൽ പരാമർശം പോലുമില്ല. ഭവനരഹിതർക്ക് വീടുവച്ച് നൽകേണ്ട ലൈഫ് മിഷൻ പദ്ധതി കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിർജീവമായി. ഒരു വർഷം കൊണ്ട് 1.35 ലക്ഷം വ്യവസായ സംരംഭങ്ങൾ കേരളത്തിൽ സൃഷ്ടിച്ചതായി ആർക്കും അറിവില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്രയധികം നികുതി വർധനയും അവശ്യസേവനങ്ങളുടെ നിരക്കും കൂട്ടിയിട്ടില്ല. ജനത്തെ കുത്തിപ്പിഴിഞ്ഞിട്ടാണേലും കാരണഭൂതന്റെ വീട്ടിൽ ഒന്നാന്തരം നീന്തൽക്കുളവും പശുത്തൊഴുത്തുമൊക്കെ നിർമിക്കുകയും ഇടയ്ക്കിടയ്ക്ക് വിദേശത്തേക്ക് പോകുകയും ചെയ്യുന്നുണ്ടല്ലോയെന്നും കെ സുധാകരൻ ചോദിക്കുന്നു.