യു കെയുടെ നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറക്കുന്നതിനായി സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്റെ നീക്കം. എന്നാല്‍, ഇതിനിടക്കാണ് ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നു എന്ന പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
2020-21 ലെ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥനത്തായിരുന്നു. 87,045 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ആ വര്‍ഷം യു കെയില്‍ പഠിക്കാനായി എത്തിയത്. ചൈനയായിരുന്നു ആ വര്‍ഷം മുന്‍പില്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത വിദേശ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും 96,000 പൗണ്ടിന്റെ നേട്ടം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് ഉണ്ടായി എന്നാണ് 2020-21 ലെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോക നിലവാരത്തിലുള്ള പഠന-പരിശീലന പരിപാടികളുമായി മുന്‍പോട്ട് പോകാന്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളെ വലിയൊരു പരിധി വരെ സഹായിക്കുന്നതും വിദേശ വിദ്യാര്‍ത്ഥികളാണ്. സത്യത്തില്‍, വിദ്യാഭ്യാസ മേഖലയെ ബ്രിട്ടനിലെ ഏറ്റവും വലിയ കയറ്റുമതി വ്യവസായങ്ങളില്‍ ഒന്നാക്കിയതില്‍ ഈ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റുഡന്റ്‌സ് വിസയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹൈയ്യര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയുട്ട്, യൂണിവേഴ്‌സിറ്റീസ് യു കെ ഇന്റര്‍നാഷണല്‍, കാപ്ലാന്‍ ഇന്റര്‍നാഷണല്‍ പാത്ത്വേസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം സംഘടിപ്പിച്ചത്.

