കോഴിക്കോട്: കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാന്‍ ചില അനൗദ്യോഗിക സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
‘കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ കൃത്യമായ ഇടപെടലാണ് വനംവകുപ്പ് നടത്തിയത്. വെടിവയ്ക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ കലക്ടര്‍ ഉത്തരവും നല്‍കിയിരുന്നു. എന്നിട്ടും വനം ഉദ്യോഗസ്ഥരുടെ നടപടിയെ കരിവാരിത്തേക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചത്. അരിക്കൊമ്പനെ പിടിക്കുന്നത് നീണ്ടപ്പോള്‍ ‘നടപടികള്‍ വൈകുന്നു’ എന്നായിരുന്നു ആരോപണം. കിണറ്റില്‍ വീണ കരടിയെ പിടിക്കാന്‍ ഉടനടി നടപടി സ്വീകരിച്ചപ്പോള്‍ ‘തിടുക്കപ്പെട്ട് നപടികള്‍ എടുത്തു’ എന്നായി. ഇത് ഇരട്ടത്താപ്പാണ്. സര്‍ക്കാരിനെ ചെളിവാരിയെറിയാനുള്ള അവസരമായിട്ടാണ് ഇത്തരം സംഭവങ്ങളെ അവര്‍ കാണുന്നത്. പ്രശ്ന പരിഹാരമല്ല ലക്ഷ്യം. ഇത് അംഗീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല’- മന്ത്രി വ്യക്തമാക്കി.

