ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിന് പിന്നാലെ സഹമന്ത്രിയായിരുന്ന എസ് പി. സിംഗ് ബാഘേലിനെയും മാറ്റി. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹത്തെ നിയമിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ നിയമമന്ത്രി കിരൺ റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പിലേക്ക് മാറ്റിയിരുന്നു. അർജുൻ രോ മേഘ്വാളാണ് നിലവിൽ നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി.
എന്തുകൊണ്ടാണ് കിരൺ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയടക്കം വിമർശനം ഉന്നയിച്ച് കിരൺ റിജിജു വിവാദത്തിലായിരുന്നു. കിരൺ റിജിജു ആദ്യം രണ്ടാം മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹത്തിന് സ്പോർട്‌സ് യുവജനകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി. 2021 ജൂലായ് ഏഴ് മുതൽ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു.

