സിനിമാ രംഗങ്ങള്‍ ‘ബ്ലര്‍’ ചെയ്ത് കാണിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അനുവദിക്കുന്നില്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. വ്യക്തമായ ഒരു ഉത്തരവില്ലാതെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ഈ മാറ്റം സ്വമേധയാ കൈക്കൊണ്ടിരിക്കുന്നതെന്നും ഫെഫ്ക ആരോപിക്കുന്നു.
വയലന്‍സ് ദൃശ്യങ്ങള്‍, മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാന്‍ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ BLUR ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ലെന്നാണ് സംവിധായകരുടെ പരാതി.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വിഷയത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയും എതിര്‍പ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. പുതിയ സിനിമകളുമായി സെന്‍സറിങ്ങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേല്‍പ്പറഞ്ഞ വിഷയങ്ങളെ കുറിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും യൂണിയന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

