ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചു; കാർ ഉടമയ്ക്ക് നോട്ടീസ്

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച കാർ ഉടമയ്ക്ക് നോട്ടീസ് നൽകി മോട്ടോർ വാഹന വകുപ്പ്. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽ നിന്ന് മാറ്റിയിരുന്നില്ല.

ആംബുലൻസിനുള്ളിലെ രോഗി രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. കാർ തുടർച്ചയായി ബ്രേക്കിട്ടതായി ആംബുലൻസിലുണ്ടായിരുന്നവർ അറിയിച്ചു. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ആംബുലൻസിനു കാറിനെ മറികടക്കാനായത്. നിരന്തരം മാർഗതടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തുകയും പിന്നീട് ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു. KL 11 AR 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് ആംബുലൻസിന്റെ വഴി തടഞ്ഞത്. കോഴിക്കോട് മാവൂർ റോഡിലുള്ള ഹൈലാന്റ് സിൽവർ സാന്റ്സ് എന്ന സ്ഥാപത്തിന്റെ പേരിലുള്ള വാഹനമാണിത്.

അതേസമയം, സംഭവസമയത്ത് വാഹനമോടിച്ചിരുന്നത് തരുൺ എന്ന ഡ്രൈവറാണെന്ന് ആർടിഒ പറഞ്ഞു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് മുന്നോടിയായി ഡ്രൈവറെ നേരിട്ട് വിളിച്ച് വരുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.