ന്യൂഡല്‍ഹി: ജല്ലിക്കെട്ടിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അനുമതി നല്‍കി. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനും മഹാരാഷ്ട്രയിലെയും കര്‍ണാടകയിലേയും കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കുന്നത് ചോദ്യം ചെയ്ത് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് കെ.എം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തള്ളിയത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
അതേസമയം, ജല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങള്‍ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാകുന്നതിന് നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ ജല്ലികെട്ട് നടത്താവൂ. ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റുമാര്‍ ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

