സിനിമാ മേഖലയിലെ ലഹരി ഉപയോഗം; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ടിനി ടോം

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടിനി ടോം.

‘കൈയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതല്ല. മ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒക്കെയാണ് എന്റെ റോള്‍ മോഡല്‍സ്. എന്റെ സഹപ്രവര്‍ത്തകരെ മോശമാക്കാന്‍ ആല്ല അന്ന് പ്രസ്താവന നടത്തിയത്. യൂണിവേഴ്‌സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണ്. മമ്മൂക്ക എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറില്‍ ഒന്നിച്ച് പോകാന്‍ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കും. എന്റെ കുടുംബം സിനിമ കുടുംബം അല്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ക്ക് സിനിമക്കാരന്‍ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്ന് ആണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനോട് ആദ്യം എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ലെന്ന് ധ്യാന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. ധ്യാനിന്റെ അഭിമുഖത്തില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്. ലഹരി ഉപയോഗിച്ചതിന് വീട്ടില്‍ നിന്നും പുറത്തായത് അടക്കം ധ്യാന്‍ പറയുന്നുണ്ട്. അത് അടക്കം വന്നില്ല. ധ്യാന്‍ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. നടന്റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്’- ടിനി പ്രതികരിച്ചു.

അതേസമയം, തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ടിനി നേരത്തെ പറഞ്ഞിരുന്നു. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി’- എന്നായിരുന്നു ടിനി പറഞ്ഞത്.