പ്രാദേശിക പാർട്ടികൾക്ക് മത്സരിക്കാൻ കൂടുതൽ അവസരം നൽകണം; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രബല കേന്ദ്രങ്ങളിൽ പ്രാദേശിക പാർട്ടികൾക്ക് മത്സരിക്കാൻ കൂടുതൽ അവസരം നൽകണമെന്ന് മമത ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടികൾ ശക്തമായ സ്ഥലത്ത് ബിജെപിക്ക് പൊരുതാൻ സാധിക്കില്ല. കർണാടകയിലെ വിധി ബിജെപിക്ക് എതിരാണ്. കർണാടകയിലെ ജനം ദുരിതത്തിലായിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്നും സാമ്പത്തിക രംഗം തകർക്കപ്പെട്ടുവെന്നും മമത ആരോപിച്ചു.

പശ്ചിമ ബംഗാളിൽ തൃണമൂൽ ശക്തമായതിനാൽ ബിജെപിക്കെതിരെ പോരാടാൻ സാധിക്കും. ആംആദ്മി പാർട്ടിയ്ക്കാണ് ഡൽഹിയിൽ ബിജെപിക്കെതിരെ പോരാടാൻ കഴിയുന്നത്. ജെഡിയുവിനാണ് ബിഹാറിൽ ബിജെപിയുമായി ഏറ്റുമുട്ടാൻ കഴിയുന്നത്. ഓരോ സംസ്ഥാനത്തും ഏത് പാർട്ടിയാണോ കരുത്തർ അവർക്ക് പൊരുതാൻ കൂടുതൽ അവസരം നൽകണമെന്ന് മമത ആവശ്യപ്പെട്ടു.

നല്ല കാര്യങ്ങൾ സംഭവിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾ കൂടി നടത്തേണ്ടി വരും. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇരുനൂറിലധികം സീറ്റുകളിൽ പ്രാദേശിക പാർട്ടികൾ പിന്തുണ നൽകണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.