അഭിമാനം; സുപ്രീംകോടതി ജഡ്ജിയാവാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തതില്‍ ഈ മലയാളിയും

ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആര്‍ ഷായും വിരമിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരുടെ ഒഴിവു വന്നതിനാല്‍ മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി. വിശ്വനാഥനെയും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയുമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ അഭിഭാഷക രംഗത്ത് നിന്ന് നേരിട്ട് സുപ്രീംകോടതിയില്‍ ജഡ്ജിയാകുക എന്ന അപൂര്‍വ നേട്ടത്തിനരികെയാണ് കെ.വി വിശ്വനാഥന്‍.

കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയര്‍ത്താനുള്ള ശുപാര്‍ശ യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിലെ കൊളീജിയം പരിഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ കൊളീജിയം ശുപാര്‍ശ ചര്‍ച്ച ചെയ്യുന്നതിലെ നടപടി ക്രമങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശയില്‍ ഒപ്പുവെക്കാന്‍ അന്ന് തയ്യാറായിരുന്നില്ല. അതേസമയം, സുപ്രീംകോടതി ജഡ്ജിയാവാന്‍ ഏറ്റവും അനുയോജ്യനാണ് കെ.വി വിശ്വനാഥനെന്നും നിയമരംഗത്തെ അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയവും ജ്ഞാനവും സുപ്രീംകോടതിക്കു മുതല്‍ക്കൂട്ടാകുമെന്നും കൊളീജിയം പ്രമേയത്തില്‍ പറയുന്നു.

പാലക്കാട് കല്‍പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥന്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. 1988ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. രണ്ട് ദശാബ്ദക്കാലം സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2009ല്‍ സീനിയര്‍ അഭിഭാഷകനായി. ഭരണഘടന വിഷയങ്ങള്‍, ക്രിമിനല്‍ നടപടികള്‍, വാണിജ്യ വ്യവഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കേസുകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. അടുത്തിടെ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഹാജരായിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി അഭിഭാഷകനാണ് കെ വി വിശ്വനാഥന്‍. സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.