കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. അയ്യങ്കുന്ന് പഞ്ചായത്തിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സായുധരായ മാവോയിസ്റ്റ് സംഘമാണ് മേഖലയിൽ എത്തിയത്. തുടിമരത്തെ ബൈജു ഞാവരക്കാലായിലിന്റെ വീട്ടിലാണ് മാവോയിസ്റ്റുകൾ എത്തിയത്. രാത്രി 10:15 വരെ സംഘം ബൈജുവിന്റെ വീട്ടിൽ തങ്ങി. ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് മൊബൈൽ ഫോണും റീചാർജ് ചെയ്ത ശേഷമാണ് മാവോയിസ്റ്റ് സംഘം മേഖലയിൽ നിന്ന് മടങ്ങിയത്.
ബൈജുവും അമ്മ ചന്ദ്രികയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മുൻപും ഇവിടെ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. എന്നാൽ ഭയം കാരണം ഇവർ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സംഭവസ്ഥലത്ത് എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വിശദമാക്കി.
അതേസമയം, കഴിഞ്ഞദിവസം വാണിയ പാറയിലും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. തണ്ടർ ബോൾട്ടും മേഖലയിൽ തെരച്ചിൽ നടത്തുന്നുണ്ട്.

