ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഇഡി; അടിയന്തര ആവശ്യമുണ്ടായാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കറിന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഇഡി അറിയിച്ചു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തരമായി ആവശ്യമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാന്‍ ശിവശങ്കറിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്ന ഇ.ഡിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇനി വേനലവധിക്ക് ശേഷം മാത്രമേ സുപ്രീം കോടതി പരിഗണിക്കൂ. അതിനുമുമ്പ് ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവശങ്കറിന് ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.